കുട്ടിക്കാലത്തെ തന്നെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു മഴമേഘങ്ങളെ. അതോടൊപ്പം ഉണ്ടാകുന്ന മഴ മനസ്സിന് ഉണര്‍വാണ്. അന്നേ അമ്മ പറഞ്ഞു തരുമായിരുന്നു ആലിപ്പഴങ്ങളെ കുറിച്ച്. മരത്തിലല്ല മറിച്ചു മഴയിലാണ് അവ ഉണ്ടാകുന്നത് എന്നും അമ്മയാണ് എനിക്ക് പറഞ്ഞു തന്നത് . കേട്ടുകേള്‍വി മാത്രമുള്ള ഭംഗിയുള്ള ആലിപ്പഴങ്ങള്‍ കാണാന്‍ പല മഴയത്തും ജനലരികില്‍ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു. കാത്തു നില്‍പ്പുകള്‍ക്ക് ഒരിക്കല്‍ അര്‍ത്ഥമുണ്ടായി. വെള്ളാരങ്കല്ലുകള്‍ പോലെ..... അല്ല അതിലും മനോഹാരിതയോടെ മുറ്റത്തെ ചരല്‍മണലില് കിടക്കുന്ന ആലിപ്പഴം ഞാന്‍ നോക്കിനിന്നു. പിന്നെ ആ മനോഹാരിത ഞാന്‍ കൈകളിലേക്ക് ആവാഹിച്ചു. പക്ഷെ എന്റെ കൈകളിലെതിയതും എന്റെ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് അത് അലിഞ്ഞലിഞ്ഞു ഇല്ലാതായി. വേദനിപ്പിച്ചു കടന്നു എങ്കിലും ആലിപ്പഴങ്ങളെ ഞാന്‍ എപ്പോഴും ഏറെ സ്നേഹിച്ചിരുന്നു.
ആലിപ്പഴം പോലെ തന്നെ കുളിര്‍മയും, മനോഹാരിതയുമുള്ള ഒരു മനസ്സാണ് ഞാന്‍ അഞ്ജുവിലും കണ്ടത്. ജീവിത യാത്രയില്‍ എന്നോ , എവിടെവച്ചോ ഞാന്‍ കണ്ടു മുട്ടിയ വഴി യാത്രക്കാരി. എനിക്കില്ലാതെ പോയ അനുജത്തിയുടെ സ്നേഹം അവളില്‍ നിന്നും ലഭിക്കുന്നു എന്ന് മനസ്സു പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ തന്നെ അവള്‍ എന്റെ മനസ്സില്‍ എനിക്ക് കുഞ്ഞനുജത്തി ആയി. " ഏട്ടാ....." ഇടക്കിടെ അവള്‍ വിളിക്കുമ്പോള്‍ സ്വന്തം അനുജത്തിയുടെ സ്നേഹം ഞാന്‍ തൊട്ടറിഞ്ഞു. അപ്പോള്‍ ഹൃദയത്തില്‍ ഉറഞ്ഞുകൂടുന്ന ആനന്ദം വളരെ ഏറെ ആയിരുന്നു.അപ്പോളൊക്കെ സന്തോഷത്തിന്റെ ഇത്തിരി നനവ് കണ്ണില്‍ പടരും. അവളുടെ സംസാരം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു. വാക്കുകളില്‍ ഊറുന്ന സ്നേഹസ്വരം ഞാന്‍ കേട്ടറിഞ്ഞു. സന്തോഷങ്ങളും വേദനയും പങ്കുവയ്ക്കാന്‍ ഒരു കൂട്ടുകാരിയെ ഞാന്‍ അവളിലൂടെ കാണുകയായിരുന്നു.
അവള്‍ പറയുമായിരുന്നു....
"ഏട്ടനെ ഞാന്‍ ഒരിക്കലും മറക്കില്ല.... നാളുകള്‍ ഏറെ കഴിഞ്ഞാലും എന്റെ മനസ്സില്‍ ഏട്ടന്‍ ഉണ്ടാവും.."
ആ ഹൃദയത്തില്‍ നിന്നുതിരുന്ന വാക്കുകള്‍ എന്റെ മനസ്സിന്റെ സന്തോഷം അതിന്റെ ഉയരങ്ങളില്‍ എത്തിച്ചു.
ആ സൗഹൃദ നദി മനസ്സില്‍ നിറഞ്ഞൊഴുകി. കുറെ അകലേക്ക്.....
എന്നാല്‍ നദിയിലെ ഉറവ വറ്റുന്നത് ആദ്യമൊന്നും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല..അഞ്ജു വിന്റെ സ്നേഹത്തിന്റെ ഉറവകള്‍ വറ്റുകയാണെന്ന സത്യം മനസ്സിലാക്കുമ്പോള്‍., എന്ത് സംഭവിച്ചു എന്ന ചോദ്യവും ഒരു നിര്‍വികാരതയും ആയിരുന്നു ഉള്ളില്‍.. ആലിപ്പഴം പോലെ കരുതിയിരുന്ന ആ മനസ്സില്‍ എന്നോടുള്ള സ്നേഹവും അലിഞ്ഞു പോയ് തുടങ്ങിയിരുന്നു. കാണുമ്പോള്‍ "ഏട്ടാ..." എന്ന് വിളിച്ചു അരികിലേക്ക് ഓടിയെത്തുന്ന അനുജത്തിയുടെ രൂപം മനസ്സില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു... എന്നാല്‍ അപരിചിതയെ പോലെ ഇപ്പോള്‍ അവള്‍ നടന്നു അകന്നിരിക്കുന്നു. വഴിയോരത്ത് കണ്ടു മറക്കാറുള്ള ഒരുപാടു ആളുകളില്‍ ഒരാള്‍ മാത്രമായിരുന്നു എന്റെ അനുജത്തിക്ക് ഞാന്‍ എന്നത് അറിയാന്‍ ഒരുപാടു വൈകിയിരുന്നു ഞാന്‍.... മറ്റാരും ഇല്ലാത്തപ്പോള്‍ ഇടക്കാലത്ത് കിട്ടിയ ഒരു കൂട്ട്. അതായിരുന്നു അവള്ക്ക് ഞാന്‍....... അവളുടെ വിദൂര ഓര്‍മകളില്‍ പോലും ഇപ്പോള്‍ ഞാന്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം...
ഇപ്പോഴും എന്റെ ബഹുദൂരം മുന്നില്‍ നടന്നകലുന്ന ആ പെണ്‍കുട്ടിയെ എനിക്ക് കാണാം..... അവള്ക്ക് കൂട്ടിനായി ഇപ്പോള്‍ ഒരുപാടു പേരുണ്ട്.... ചിരിപ്പിക്കുവാനും സന്തോഷിപ്പിക്കുവാനും കഴിയുന്നവര്‍...
"ഏട്ടനെ ഞാന്‍ ഒരിക്കലും മറക്കില്ല.... "
ആ വാക്കുകള്‍ ഇപ്പോള്‍ എന്നില്‍ മന്ദഹാസമാണ് ഉണ്ടാക്കുന്നത്.......
അല്ലേലും ആലിപ്പഴങ്ങള്‍ ഇങ്ങനെ അല്ലേ.... ആകര്‍ഷിക്കും..., സന്തോഷിപ്പിക്കും... , വേദന നല്കി അപ്രത്യക്ഷമാകും....
ആലിപ്പഴങ്ങളെ ഞാന്‍ ഇപ്പോള്‍ വെറുത്തു തുടങ്ങിയിരിക്കുന്നു.... അവയ്ക്ക് സ്നേഹിക്കുന്നവരുടെ മനസ്സു വായിക്കാന്‍ കഴിയില്ല...... ഇനിയും എന്റെ മനസ്സിനെ സന്തോഷിപ്പോക്കാന്‍ മഴമേഘങ്ങള്‍ വരും.... പ്രാര്‍ത്ഥന ഒന്നേ ഉള്ളു..... ആലിപ്പഴങ്ങള്‍ ഇനിയും ഉണ്ടാകരുതേ......!!!!!