ആലിപ്പഴം

0

കുട്ടിക്കാലത്തെ തന്നെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു മഴമേഘങ്ങളെ. അതോടൊപ്പം ഉണ്ടാകുന്ന മഴ മനസ്സിന് ഉണര്‍വാണ്. അന്നേ അമ്മ പറഞ്ഞു തരുമായിരുന്നു ആലിപ്പഴങ്ങളെ കുറിച്ച്. മരത്തിലല്ല മറിച്ചു മഴയിലാണ് അവ ഉണ്ടാകുന്നത് എന്നും അമ്മയാണ് എനിക്ക് പറഞ്ഞു തന്നത് . കേട്ടുകേള്‍വി മാത്രമുള്ള ഭംഗിയുള്ള ആലിപ്പഴങ്ങള്‍ കാണാന്‍ പല മഴയത്തും ജനലരികില്‍ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു. കാത്തു നില്‍പ്പുകള്‍ക്ക് ഒരിക്കല്‍ അര്‍ത്ഥമുണ്ടായി. വെള്ളാരങ്കല്ലുകള്‍ പോലെ..... അല്ല അതിലും മനോഹാരിതയോടെ മുറ്റത്തെ ചരല്‍മണലില് കിടക്കുന്ന ആലിപ്പഴം ഞാന്‍ നോക്കിനിന്നു. പിന്നെ ആ മനോഹാരിത ഞാന്‍ കൈകളിലേക്ക് ആവാഹിച്ചു. പക്ഷെ എന്റെ കൈകളിലെതിയതും എന്റെ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചുകൊണ്ട് അത് അലിഞ്ഞലിഞ്ഞു ഇല്ലാതായി. വേദനിപ്പിച്ചു കടന്നു എങ്കിലും ആലിപ്പഴങ്ങളെ ഞാന്‍ എപ്പോഴും ഏറെ സ്നേഹിച്ചിരുന്നു.  

ആലിപ്പഴം പോലെ തന്നെ കുളിര്‍മയും, മനോഹാരിതയുമുള്ള ഒരു മനസ്സാണ് ഞാന്‍ അഞ്ജുവിലും കണ്ടത്. ജീവിത യാത്രയില്‍ എന്നോ , എവിടെവച്ചോ ഞാന്‍ കണ്ടു മുട്ടിയ വഴി യാത്രക്കാരി. എനിക്കില്ലാതെ പോയ അനുജത്തിയുടെ സ്നേഹം അവളില്‍ നിന്നും ലഭിക്കുന്നു എന്ന് മനസ്സു പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ തന്നെ അവള്‍ എന്റെ മനസ്സില്‍ എനിക്ക് കുഞ്ഞനുജത്തി ആയി. " ഏട്ടാ....." ഇടക്കിടെ അവള്‍ വിളിക്കുമ്പോള്‍ സ്വന്തം അനുജത്തിയുടെ സ്നേഹം ഞാന്‍ തൊട്ടറിഞ്ഞു. അപ്പോള്‍ ഹൃദയത്തില്‍ ഉറഞ്ഞുകൂടുന്ന ആനന്ദം വളരെ ഏറെ ആയിരുന്നു.അപ്പോളൊക്കെ സന്തോഷത്തിന്റെ ഇത്തിരി നനവ് കണ്ണില്‍ പടരും. അവളുടെ സംസാരം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു. വാക്കുകളില്‍ ഊറുന്ന സ്നേഹസ്വരം ഞാന്‍ കേട്ടറിഞ്ഞു. സന്തോഷങ്ങളും വേദനയും പങ്കുവയ്ക്കാന്‍ ഒരു കൂട്ടുകാരിയെ ഞാന്‍ അവളിലൂടെ കാണുകയായിരുന്നു.  

അവള്‍ പറയുമായിരുന്നു....  
"ഏട്ടനെ ഞാന്‍ ഒരിക്കലും മറക്കില്ല.... നാളുകള്‍ ഏറെ കഴിഞ്ഞാലും എന്റെ മനസ്സില്‍ ഏട്ടന്‍ ഉണ്ടാവും.."
ആ ഹൃദയത്തില്‍ നിന്നുതിരുന്ന വാക്കുകള്‍ എന്റെ മനസ്സിന്റെ സന്തോഷം അതിന്റെ ഉയരങ്ങളില്‍ എത്തിച്ചു. 
ആ സൗഹൃദ നദി മനസ്സില്‍ നിറഞ്ഞൊഴുകി. കുറെ അകലേക്ക്.....  

എന്നാല്‍ നദിയിലെ ഉറവ വറ്റുന്നത് ആദ്യമൊന്നും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല..അഞ്ജു വിന്റെ സ്നേഹത്തിന്റെ ഉറവകള്‍ വറ്റുകയാണെന്ന സത്യം മനസ്സിലാക്കുമ്പോള്‍., എന്ത് സംഭവിച്ചു എന്ന ചോദ്യവും ഒരു നിര്‍വികാരതയും ആയിരുന്നു ഉള്ളില്‍.. ആലിപ്പഴം പോലെ കരുതിയിരുന്ന ആ മനസ്സില്‍ എന്നോടുള്ള സ്നേഹവും അലിഞ്ഞു പോയ് തുടങ്ങിയിരുന്നു. കാണുമ്പോള്‍ "ഏട്ടാ..." എന്ന് വിളിച്ചു അരികിലേക്ക് ഓടിയെത്തുന്ന അനുജത്തിയുടെ രൂപം മനസ്സില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു... എന്നാല്‍ അപരിചിതയെ പോലെ ഇപ്പോള്‍ അവള്‍ നടന്നു അകന്നിരിക്കുന്നു. വഴിയോരത്ത് കണ്ടു മറക്കാറുള്ള ഒരുപാടു ആളുകളില്‍ ഒരാള്‍ മാത്രമായിരുന്നു എന്റെ അനുജത്തിക്ക് ഞാന്‍ എന്നത് അറിയാന്‍ ഒരുപാടു വൈകിയിരുന്നു ഞാന്‍.... മറ്റാരും ഇല്ലാത്തപ്പോള്‍ ഇടക്കാലത്ത് കിട്ടിയ ഒരു കൂട്ട്. അതായിരുന്നു അവള്ക്ക് ഞാന്‍....... അവളുടെ വിദൂര ഓര്‍മകളില്‍ പോലും ഇപ്പോള്‍ ഞാന്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം...  

ഇപ്പോഴും എന്റെ ബഹുദൂരം മുന്നില്‍ നടന്നകലുന്ന ആ പെണ്‍കുട്ടിയെ എനിക്ക് കാണാം..... അവള്ക്ക് കൂട്ടിനായി ഇപ്പോള്‍ ഒരുപാടു പേരുണ്ട്.... ചിരിപ്പിക്കുവാനും സന്തോഷിപ്പിക്കുവാനും കഴിയുന്നവര്‍...  

"ഏട്ടനെ ഞാന്‍ ഒരിക്കലും മറക്കില്ല.... " 

ആ വാക്കുകള്‍ ഇപ്പോള്‍ എന്നില്‍ മന്ദഹാസമാണ്‌ ഉണ്ടാക്കുന്നത്‌....... 

അല്ലേലും ആലിപ്പഴങ്ങള്‍ ഇങ്ങനെ അല്ലേ.... ആകര്‍ഷിക്കും..., സന്തോഷിപ്പിക്കും... , വേദന നല്കി അപ്രത്യക്ഷമാകും....  

ആലിപ്പഴങ്ങളെ ഞാന്‍ ഇപ്പോള്‍ വെറുത്തു തുടങ്ങിയിരിക്കുന്നു.... അവയ്ക്ക് സ്നേഹിക്കുന്നവരുടെ മനസ്സു വായിക്കാന്‍ കഴിയില്ല...... ഇനിയും എന്റെ മനസ്സിനെ സന്തോഷിപ്പോക്കാന്‍ മഴമേഘങ്ങള്‍ വരും.... പ്രാര്‍ത്ഥന ഒന്നേ ഉള്ളു..... ആലിപ്പഴങ്ങള്‍ ഇനിയും ഉണ്ടാകരുതേ......!!!!!

0 comments:

ഒരുതരി വെട്ടത്തിനായ്.....

1

അകലെ, എവിടെയോ നിശീഥിനിയുടെ
കറുത്ത തിരശീലക്കപ്പുറത്തു
നിന്നുംപ്രതീക്ഷതന്‍ പ്രഭാകിരണമാശ്ലേഷിക്കുവാന്‍
കാത്തിരിക്കുന്നു ഞാന്‍...........
മഞ്ഞില്‍ പൊതിഞ്ഞ നിശാമഞ്ചലില്‍ ‍
നിദ്രാരഹിതനായ് നെരിപ്പോടിന്‍ നേരിയ
നറുവെളിച്ചം കിനാക്കാണുന്നു.......
ചിതറിത്തെറിച്ച മണ്ചിരാതുകളൊത്തുചേര്‍-
ന്നതിലെണ്ണ കവിഞ്ഞതുംവെണ്‍തിരിയതില്‍
നനഞ്ഞവിടെ പടരുന്ന ദീപനാളത്തിന്‍ പ്രഭയും
കണ്മുന്നിലകലെ പ്രതീക്ഷിക്കുന്നു ഞാന്‍.....
ഇപ്പോഴും കര്‍ണ്ണം ശ്രവിക്കുന്നുണ്ടെ-
ന്നാത്മാവില്‍ മെല്ലെ കുറുകുന്ന മാടപ്രാവിന്‍ സ്വനം..
അതൊരു വിരഹ വിലാപമോ.....
നിരാശയുടെ കണ്ണീര്‍ കുതിര്‍ന്ന തുടര്‍നെടുവീര്‍പ്പുകളോ......
ചുറ്റും പടരുന്നു... കനം വയ്ക്കുന്നു....
കൂരിരുള്‍ ഭിത്തി, യെങ്കിലുംമൌനമായെന്‍ മനം
പ്രതീക്ഷിക്കുന്നു ഇന്നും
ഒരു ചെറുതിരിനാളമെങ്കിലും ......

1 comments:

പാവം സുന്ദരിക്കോത

3






കോളേജിലേക്കുള്ള പാതയോരത്തന്നു
കണ്ടു ഞാനൊരു പെണ്‍കുട്ടിയെ...
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ലിപ്സ്റ്റിക്കിനുണ്ട് രണ്ടിഞ്ചു കനം, പിന്നെ
മേയ്ക്കപ്പിനോ അതിലേറെ കനം
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

കംബിവളച്ചിരുകാതിലുമിട്ടിട്ടു
പുത്തനാം ഫാഷനായ് എത്തിടുന്നു
സ്കൂട്ടിയില്‍ ചെത്തും, ജീന്‍സിട്ടു ചെത്തും
അണ്‍കുട്ടികളെ കമന്‍റടിക്കും
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ക്ലോസ് അപ് പരസ്യമായ് പുന്ചിരിക്കും, അവള്‍
ക്ലോസ് അപ് സുന്ദരി എന്ന ഭാവം
ചിരി കണ്ടു രാക്ഷസര്‍ പോലും ഭയന്നോടു-
മെങ്കിലും തന്‍ ചിരി തന്നെ ശ്രേഷ്ഠം
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

ഉച്ചക്ക് ചോറൊട്ടുമുണ്ണില്ലവള്‍, വെറും
ഓറഞ്ച് ജ്യൂസ്‌ മാത്രം കുടിക്കും
സ്ലിം ബ്യൂട്ടിയാകുവാനാണോ, അതോ
ലിപ്സ്ടിക്കു പോകാതിരിക്കുവാനോ
ആളൊരു പാവമാണല്ലോ , പക്ഷെ
സുന്ദരിക്കോതയാണെന്ന ഭാവം..

കോളേജില്‍ നിന്നുള്ള പാതയോരത്ത് ഞാന്‍
വീണ്ടും കണ്ടുവാ പെണ്‍കുട്ടിയെ
ലിപ്സ്ടിക് ഒട്ടുമില്ലല്ലോ, ഇപ്പോള്‍
മാര്‍ക്ക് ലിസ്റ്റ് കയ്യിലുണ്ടല്ലോ...
മേയ്ക്കപ്പ് ഒട്ടുമില്ലല്ലോ, കവിളില്‍
കണ്ണീരൊലിക്കണുണ്ടല്ലോ...
ആളൊരു പാവമാണല്ലോ , ഇപ്പോള്‍
സുന്ദരിക്കോതയാം ഭാവമില്ല.....
ഇപ്പോള്‍ സുന്ദരിക്കോതയാം ഭാവമില്ല.....

===========================






3 comments:

വേദന

1
നഷ്ടസ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ചുകൊ -
ണ്ടകലേക്കു നോക്കുന്നുവെന്‍ മിഴികള്‍....
ദൂരെയാ ചന്ദ്രബിംബം മിന്നിനില്‍ക്കുന്നു
സന്തോഷമേറെ നല്‍കീടുവാനായ്.......
പിടയുന്ന ഹൃത്തതിനെയേറ്റു വാങ്ങുന്നില്ല.....
അവിടെയിന്നൊരു ചെറു വിങ്ങല്‍ മാത്രം......
മാനത്തുമിന്നുന്ന താരകപ്പൂക്കളും
വാടിക്കൊഴിഞ്ഞെങ്ങു പോയിടുന്നു........
അറിയില്ലയെപ്പോഴാ ചന്ദ്രിക പോയ്മറഞ്ഞെ-
വിടേക്കെവിടേക്കകന്നിടുന്നു......
എന്തെന്നറിയില്ല..... എന്തിനെന്നറിയില്ല .....
ഹൃത്തിലിന്നും ഒരു വിങ്ങല്‍ മാത്രം....
ഹൃത്തിലിന്നും ഒരു വിങ്ങല്‍ മാത്രം....

1 comments:

ആമുഖം

2
ചെറിയ ചിന്തകള്‍..... സ്വപ്‌നങ്ങള്‍.... സങ്കല്‍പ്പങ്ങള്‍.........
അത്രമാത്രം.......................

----------------------------മനീഷ്

2 comments: